ഇ.കെ. ഇമ്പിച്ചി ബാവ
ഇ.കെ. ഇമ്പിച്ചി ബാവ | |
---|---|
ഗതാഗത മന്ത്രി | |
ഓഫീസിൽ 1967-1969 | |
ലോക്‌സഭാംഗം | |
ഓഫീസിൽ (1957-62) & (1962-67) | |
രാജ്യസഭാംഗം | |
ഓഫീസിൽ (1952-54) | |
മൂന്നാം ,ഒൻപതാം കേരള നിയമസഭാംഗം | |
മണ്ഡലം | മണ്ണാർക്കാട് ,പൊന്നാനി നിയമസഭാമണ്ഡലം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | [1] പൊന്നാനി , മലപ്പുറം ജില്ല, കേരളം | ജൂലൈ 20, 1917
ദേശീയത | ഇന്ത്യൻ |
രാഷ്ട്രീയ കക്ഷി | സി.പി.ഐ.(എം) |
പങ്കാളി | ഫാത്തിമ |
കുട്ടികൾ | നാലു ആൺകുട്ടികൾ, ഒരു പെൺകുട്ടി |
കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടിയുടെ നേതാവും നിയമസഭാംഗവും സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിയുമായിരുന്നു ഇ.കെ. ഇമ്പിച്ചി ബാവ(ജൂലൈ 17 1917- ഏപ്രിൽ 11 1995).[2] വിദ്യാർത്ഥിപ്രസ്ഥാനത്തിലൂടെയാണ് ഇമ്പിച്ചിബാവ രാഷ്ട്രീയ രംഗത്തെത്തുന്നത്. കോഴിക്കോട്ടു വെച്ചു നടന്ന അഖില കേരള വിദ്യാർത്ഥി സമ്മേളനത്തിന്റെ സംഘാടനത്തിലൂടെ പി.കൃഷ്ണപിള്ളയുടെ ശ്രദ്ധപിടിച്ചു പറ്റി. കൃഷ്ണപിള്ളയാണ് ഇമ്പിച്ചിബാവയെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചു നടത്തുന്നത്.[3]
മലബാറിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ പ്രധാനപ്പെട്ട പങ്കു വഹിച്ചു. സുഭാസ് ചന്ദ്രബോസിന്റെ ഒരു ആരാധകനായിരുന്നു ഇമ്പിച്ചിബാവ. സ്വാതന്ത്ര്യ സമരത്തിൽ ഒരു സജീവപങ്കാളിയായിരുന്നു. സി.പി.ഐ.എമ്മിന്റെ സ്ഥാപകനേതാക്കളിലൊരാളായി കണക്കാക്കപ്പെടുന്നു. 1967 ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച് ഇ.എം.എസ്സ് മന്ത്രിസഭയിൽ ഗതാഗതവകുപ്പു മന്ത്രിയായി. സി.പി.ഐ (എം) പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്നു. നിലമ്പൂർ കോവിലകം വക ഭൂമി കൈവശപ്പെടുത്തിക്കൊണ്ട് മിച്ച ഭൂമി സമരത്തിൽ സജീവ സാന്നിദ്ധ്യം വഹിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ജയിലിലടക്കപ്പെട്ടിരുന്നു. 1995 ൽ ഇമ്പിച്ചിബാവ അന്തരിച്ചു.[4]
ആദ്യകാല ജീവിതം
[തിരുത്തുക]1917 ജൂലൈ 17 ന് മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ ഏഴുകുടിക്കൽ തറവാട്ടിൽ അബ്ദുള്ളയുടെ മകനായി ഇമ്പിച്ചി ബാവയുടെ ജനനം. ഒരു തുറമുഖ തൊഴിലാളിയായിരുന്നു പിതാവ്. ബ്രിട്ടീഷുകാർ നടത്തിയിരുന്ന സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. അക്കാലത്ത് കോഴിക്കോട് വിദ്യാർത്ഥികളുടെ ഇടയിൽ രൂപംകൊണ്ടിരുന്ന സ്റ്റുഡന്റ്സ് യൂണിയനിലെ അംഗവും സജീവ പ്രവർത്തകനുമായി മാറി. ഇക്കാലഘട്ടത്തിൽതന്നെ അദ്ദേഹം നല്ലൊരു പ്രസംഗകനുമായിരുന്നു. അഖിലകേരള വിദ്യാർത്ഥി സമ്മേളനം കോഴിക്കോട്ട് സംഘടിപ്പിക്കുന്നതിൽ ഇമ്പിച്ചി ബാവ കാണിച്ച പാടവം പി.കൃഷ്ണപിള്ളയുടെ ശ്രദ്ധ ആകർഷിച്ചു. കോഴിക്കോട് സാമൂതിരികോളേജിൽ വെച്ചായിരുന്നു സമ്മേളനം, പിന്നീട് അവിടെ വെച്ചു തന്നെ അഖില കേരള വിദ്യാർത്ഥി ഫെഡറേഷൻ രൂപീകരിക്കുകയുമുണ്ടായി. ഇമ്പിച്ചി ബാവ ഈ സംഘടനയുടെ നേതാക്കളിലൊരാളായി തീർന്നു.[5]
രാഷ്ട്രീയജീവിതം
[തിരുത്തുക]ചെറുപ്പത്തിലേ പൊതുപ്രവർത്തനത്തിൽ തല്പരനായിരുന്നു. കോൺഗ്രസ്സ് പാർട്ടിയിലൂടെ രാഷ്ട്രീയത്തിലേക്ക് വന്ന ഇമ്പിച്ചി ബാവ പിന്നീട് വൈകാതെ ഇടതുപക്ഷ പ്രസ്ഥാനത്തിലേക്ക് അടുക്കുകയും കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായി മാറുകയും ചെയ്തു. കോൺഗ്രസ്സിൽ നിന്ന് കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയിലും, അവിടെ നിന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്കുമുള്ള ഇമ്പിച്ചി ബാവയുടെ യാത്രയിൽ പി. കൃഷ്ണപിള്ള സുപ്രധാനമായ പങ്കു വഹിച്ചിരുന്നു. പൊന്നാനിയിലെ അസംഘടിത ബീഡിത്തൊഴിലാളികളെ സംഘടിപ്പിച്ചാണ് ഇമ്പിച്ചിബാവ തൊഴിലാളി സംഘടനാ പ്രവർത്തനം തുടങ്ങിയത്. പിന്നീട് ദേശീയ പ്രസ്ഥാനത്തിൽ ഭാഗഭാക്കായ ഇമ്പിച്ചിബാവ കേരളത്തിലെ തൊഴിലാളി സംഘടനയുടെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും സ്ഥാപനത്തിലും വളർച്ചയിലും വലിയ പങ്ക് വഹിച്ചു.
1940 ലും 1942 ലും ജയിൽ വാസമനുഭവിക്കേണ്ടി വന്നിട്ടുണ്ട്. 1943 ൽ പൊന്നാനിയിൽ കോളറ പിടിപെട്ടപ്പോൾ ദുരിതാശ്വാസത്തിനായി മുന്നിട്ടിറങ്ങി. പാർട്ടിയുടെ രണ്ടാം കോൺഗ്രസ്സിനുശേഷം പാർട്ടി നിരോധിക്കപ്പെട്ടപ്പോൾ ഒളിവിൽ പോയി. ഇമ്പിച്ചിബാവയെ അറസ്റ്റ് ചെയ്യാൻ കഴിയാത്തതിലുള്ള ദേഷ്യത്തിൽ അധികാരികൾ അദ്ദേഹത്തിന്റെ പിതാവിനെ അറസ്റ്റു ചെയ്തു ജയിലിലടച്ചു. 1951 ൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ ഇമ്പിച്ചിബാവ മദിരാശി നിയോജകമണ്ഡലത്തിൽ നിന്നും രാജ്യസഭാ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു.[6] രാജ്യസഭയിൽ മലയാളത്തിൽ പ്രസംഗിച്ച് ചരിത്രം സൃഷ്ടിച്ചു.
1946-ലെ കൽക്കട്ട കോൺഗ്രസിൽ മലബാറിൽ നിന്നുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധിയായി അദ്ദേഹം പങ്കെടുത്തു. കമ്മ്യൂണിസ്റ്റ് പാർട്ടി 1964-ൽ പിളരുന്നതിന് മുമ്പ് അതിന്റെ ദേശീയ കൗൺസിൽ അംഗമായിരുന്നു ഇമ്പിച്ചി ബാവ. പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമായി നിരവധി തവണ ഒളിവിൽ കഴിയുകയും ജയിൽവാസമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. പാർട്ടി പിളർന്നപ്പോൾ സി.പി.ഐ.എമ്മിന്റെയൊപ്പം നിന്നു. സി.പി.ഐ (എം) പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്നു. മിച്ചഭൂമി സമരത്തിന് മലപ്പുറം ജില്ലയിൽ നേതൃത്വം നൽകിയത് ഇമ്പിച്ചി ബാവയായിരുന്നു. നിലമ്പൂർ കോവിലകം വക ഭൂമി കൈയേറിക്കൊണ്ടാണ് മലപ്പുറം ജില്ലയിലെ മിച്ച ഭൂമി സമരം തുടക്കം കുറിച്ചത്. മിച്ച ഭൂമി സമരത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടു.[7]
ഭരണരംഗത്ത്
[തിരുത്തുക]- 1952-ൽ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
- 1962-ൽ പൊന്നാനിയിൽ നിന്ന് ലോകസഭാംഗമായി.
- 1967-ൽ ഇ.എം.എസ് മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായി സേവനമനുഷ്ടിച്ചു.
നിയമസഭാംഗമായി സേവനമനുഷ്ഠിച്ചുവരവെ 1995 ഏപ്രിൽ 11-ന് ഇമ്പിച്ചി ബാവ മരണമടഞ്ഞു. പൊന്നാനിയുടെ വികസന രംഗത്തും വിദ്യാഭ്യാസ രംഗത്തും ഇ.കെ. ഇമ്പിച്ചി ബാവ പ്രധാനപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. (1918-1995), ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി(1967), രാജ്യസഭ മെമ്പർ(1952), ലോകസഭ മെമ്പർ(1962, പൊന്നാനി)), ലോകസഭ മെമ്പർ(1980,കോഴിക്കോട്), എം എൽ എ(1967,മണ്ണാർക്കാട്), എം എൽ എ(1991,പൊന്നാനി).
രാജ്യസഭാംഗത്വം
[തിരുത്തുക]- 1952-1954 : സി.പി.ഐ., മദ്രാസ് സംസ്ഥാനം
കുടുംബം
[തിരുത്തുക]ഭാര്യ ഫാത്തിമ ടീച്ചർ (മുൻ പൊന്നാനി മുനിസിപ്പൽ അധ്യക്ഷ). മക്കൾ: ഖലീൽ, മുഷ്താഖ് (ഏഷ്യാനെറ്റ്), ജലീൽ, സലാം (സൌദി അറേബ്യ), സീനത്ത്. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ ലൈബ്രറി സയൻസ് മുൻ മേധാവി ഡോ. ബാവക്കുട്ടി ജാമാതാവാണ്. സഹോദരൻ ഇ.കെ അബൂബക്കർ പൊന്നാനി മുനിസിപ്പലിറ്റിയുടെ ആദ്യത്തെ ചെയർമാനായിരുന്നു.
അവലംബം
[തിരുത്തുക]- ↑ "കേരള നിയമസഭ". കേരള സർക്കാർ.
- ↑ "കേരളത്തിലെ മന്ത്രിമാർ" (PDF). കേരള നിയമസഭ.
ഇമ്പിച്ചി ബാവ (83 ആമത്തെ താൾ നോക്കുക)
- ↑ സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 27. ISBN 81-262-0482-6.
ഇമ്പിച്ചിബാവ - രാഷ്ട്രീയപ്രവേശനം
- ↑ "കേരള നിയമസഭ". കേരള സർക്കാർ.
ഇമ്പിച്ചിബാവ
- ↑ സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 27. ISBN 81-262-0482-6.
അഖിലകേരള വിദ്യാർത്ഥി ഫെഡറേഷൻ
- ↑ സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 28. ISBN 81-262-0482-6.
രാഷ്ട്രീയ ജീവിതം
- ↑ സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 31. ISBN 81-262-0482-6.
മിച്ചഭൂമി സമരം
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇമ്പിച്ചിബാവ Archived 2011-11-21 at the Wayback Machine. കേരള നിയമസഭ
- Pages using the JsonConfig extension
- 1917-ൽ ജനിച്ചവർ
- 1995-ൽ മരിച്ചവർ
- ജൂലൈ 17-ന് ജനിച്ചവർ
- ഏപ്രിൽ 11-ന് മരിച്ചവർ
- കേരളത്തിലെ സി.പി.ഐ.എം. പ്രവർത്തകർ
- മലപ്പുറം ജില്ലയിൽ ജനിച്ചവർ
- മൂന്നാം കേരള നിയമസഭയിലെ മന്ത്രിമാർ
- ഒൻപതാം കേരള നിയമസഭാംഗങ്ങൾ
- കേരളത്തിലെ ഗതാഗതവകുപ്പ് മന്ത്രിമാർ
- മൂന്നാം ലോക്സഭയിലെ അംഗങ്ങൾ
- ഏഴാം ലോക്സഭയിലെ അംഗങ്ങൾ
- രാജ്യസഭാംഗങ്ങൾ
- നിയമസഭാംഗമായിരിക്കെ മരണപ്പെട്ടവർ