Jump to content

കോലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോലം എന്നതുകൊണ്ടുദ്ദേശിക്കുന്നത് തറയിൽ വരക്കുന്ന രൂപങ്ങളെയാണ്. ഇത് മംഗളസൂചകവും ഐശ്വര്യപ്രദവുമായി കരുതപ്പെടുന്നു. തമിഴ് നാട്ടിലും കേരളത്തിലെ തമിഴ് ബ്രാഹ്മണര്ക്കിടയിലും കോലം വരയ്ക്കുന്നത് പ്രധാന ആചാരമാണ്. കോലത്തിന്റെ വടക്കേയിന്ത്യൻ വകഭേദം രംഗോളി എന്നറിയപ്പെടുന്നു.

പൊങ്കലിനു വരച്ച കോലം
Thirayattam- Mother of Ethnic arts In Kerala

സാധാരണ സ്ത്രീകൾ മാത്രമേ കോലം രചിക്കാറുള്ളൂ. സൂര്യോദയത്തിനുമുമ്പ് മുറ്റമടിച്ച് ചാണകവെള്ളം തളിച്ച് ശുദ്ധമാക്കിയിട്ടാണ് കോലം വരക്കുന്നത്. അരിപ്പൊടി കൊണ്ടാണ് ഇവ രചിക്കുന്നത്. ചിലർ ചുണ്ണാമ്പുകല്ല്‌ പൊടിയോ വെള്ളാരംകല്ല് പൊടിയോ ഉപയോഗിക്കാറുണ്ട്. വീടുകളുടെ അകത്ത് തറ മിനുസമായുള്ള സ്ഥലങ്ങളിൽ അരിയരച്ച് നേർത്ത മാവാക്കി അതിൽ ഒരു തുണിക്കഷ്ണം മുക്കി അത് കൈയിൽ വെച്ച് മെല്ലെ ഞെക്കി വിരലുകളിലൂടെ വരക്കുകയാണ് പതിവ്. ഇതിന് മാവുകോലം എന്നു പറയുന്നു. കോലം മംഗളസൂചകമായതിനാൽ ശ്രാദ്ധദിവസങ്ങൾ, മരിച്ച പുലയുള്ള ദിവസങ്ങൾ എന്നിവയിൽ വരക്കാറില്ല. വിശേഷദിവസങ്ങളിൽ‌ വിപുലമായി കോലം വരയ്ക്കും. വെളുപ്പിന് തീ പൂട്ടുന്നതിനു മുൻപ് അടുപ്പു വൃത്തിയാക്കി അതിനുമുകളിൽ ചെറിയ കോലം വരക്കാറുണ്ട്. തറയിൽ നിലവിളക്കു വയ്ക്കുന്നയിടത്തും കോലം വരക്കാറുണ്ട്.

പല തരത്തിലാണ് കോലങ്ങളുടെ രചന. പൊട്ട് (പുള്ളി) വെച്ച് വളഞ്ഞ വരകൾ വരക്കുന്നവ, നേർവരയോടെ ജ്യാമിതീയ രൂപങ്ങൾ വരക്കുന്നവ, വേദികളിൽ വിപുലമായി വരക്കേണ്ടവ, പാളിവെച്ചും നേർവര ചേർത്തും രൂപങ്ങൾ ഉണ്ടാക്കുന്നവ എന്നിങ്ങനെ പലതരത്തിലുണ്ട്. കോലം വരക്കുന്നതിന്റെ ഒരു പ്രത്യേകതയാണ് ഒരു ഘടകം വരച്ച് അതിനോട് വേറെ ഘടകങ്ങൾ ചേർത്ത് വിപുലമാക്കുക എന്നത്. ചെറിയവ മുതൽ വളരെ വിസ്താരമുള്ള കോലങ്ങൾ വരെ സന്ദർഭമനുസരിച്ച് വരയ്ക്കാറുണ്ട്. ശിവരാത്രി, മകരസംക്രാന്തി,പൊങ്കൽ തുടങ്ങിയ വിശേഷദിവസങ്ങളിൽ വലിയ വർണ്ണശബളമായ കോലങ്ങൾ വരയ്ക്കുന്നു. തകരം കൊണ്ടുള്ള ചെറിയ ചെപ്പുകളുടെ അടിഭാഗത്ത് രൂപങ്ങളോ ഡിസൈനുകളോ തുളച്ച് ആ ചെപ്പിൽ അരിപ്പൊടി നിറച്ച് നിലത്ത് തട്ടിയാൽ നിലത്ത് ആ രൂപം തെളിയും. ചെപ്പുകളിൽ കള്ളികളുണ്ടാക്കി കള്ളികളിൽ നിറമുള്ള മാവ് നിറച്ച് ഉപയോഗിച്ചാൽ നിറമുള്ള രൂപങ്ങൾ രചിക്കാം. കൈയിൽ നിറയെ പൊടിയെടുത്ത് വിരലുകളുടെ ഇടയിൽ കൂടി നിലത്തു പതിപ്പിച്ച് വരയ്ക്കുവാൻ സമർത്ഥരായ സ്ത്രീകളുണ്ട്. ഓരോ ദിവസവും ആഴ്ചക്രമത്തിൽ പ്രത്യേക കോലങ്ങൾ തുളസിത്തറയിൽ വരയ്ക്കാറുണ്ട്.
കേരളത്തിലെ ചില അനുഷ്ഠാന കലാരൂപങ്ങളിൽ "'കോലം'" ഒരു പ്രധാന ഘടകമാണ്. ദേവപ്രീതിക്കായി കോലം കെട്ടിയാടുന്ന അനുഷ്ഠാന കലാരൂപങ്ങളാണ് തിറയാട്ടം, തെയ്യം. പടയണി, മുടിയേറ്റ്‌, തീയ്യാട്ട്‌ എന്നിവ.കാവുകളും, ക്ഷേത്രങ്ങളും കേന്ദ്രീകരിച്ചാണ് ഈ കലാരൂങ്ങൾ അരങ്ങേറുന്നത്. ദേവതകളുടെ രൂപഭാവങ്ങൾ പ്രതിഫലിപ്പിക്കുന്ന പ്രത്യേക രീതിയിലുള്ള ചമയങ്ങൾ കലാകാരൻ അണിയുന്നു. മുഖത്തെഴുത്തും, മെയ്യെഴുത്തും, മുടികളും, പൊയ്മുഖവും മറ്റ് ആടയാഭരണങ്ങളും നിയതമായരീതിയിൽ കോലധാരിയിൽ ചമയിക്കുന്നു. ഈ വേഷധാരിയെ പൊതുവേ "കോലം" എന്നുവിളിക്കുന്നു. തിറക്കോലം, തെയ്യക്കോലം, പടയണിക്കോലം എന്നിങ്ങനെ അനേകം കോലങ്ങൾ കേരളത്തിലെ അനുഷ്ഠാന കലാരംഗത്ത് ദർശിക്കാനാകും. പ്രകൃതിദത്ത നിറങ്ങൾ, കമുകിൻ പാള, കുരുത്തോല, ഈർക്കിൽ, തടി, കൈതനാര്, മുള, ഈറ്റ, ചണം, വർണ്ണക്കടലാസ്, വിളഞ്ഞി(ചക്കയരക്ക്) മുതലായവ കോലനിർമ്മാണത്തിനായി ഉപയോഗിക്കുന്നു. പുരാതന ഗോത്രാചാരങ്ങളുടെ പിൻതുടർച്ചയാണ് കോലങ്ങൾ. തിരുവിതാംകൂറിലെ പടയണി കോലങ്ങളും, തെക്കൻ മലബാറിലെ തിറയാട്ട കോലങ്ങളും, വടക്കൻ മലബാറിലെ തെയ്യക്കോലങ്ങളും വളരെ പ്രസിദ്ധമാണ്.

"https://ml.wikipedia.org/w/index.php?title=കോലം&oldid=3701328" എന്ന താളിൽനിന്ന് ശേഖരിച്ചത്