യെരുശലേം സിൻഡ്രോം
യെരുശലേം നഗരത്തിലേയ്ക്കുള്ള സന്ദർശനത്തെ തുടർന്നോ, സന്ദർശനത്തിനു പ്രേരണ നൽകുന്നതോ ആയി രൂപപ്പെടുന്ന ഒരുപറ്റം ഒഴിയാചിന്തകളും(obsession), ഭ്രമകല്പനകളും ചേർന്ന മാനസികാവസ്ഥയാണ് യെരുശലേം സിൻഡ്രോം. ഈ മനോവിഭ്രാന്തിയുടെ ഏറ്റവും അറിയപ്പെടുന്നതും സാധാരണവുമായ രൂപം, നേരത്തെ മാനസികരോഗത്തിന്റെ ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിട്ടില്ലാത്ത വ്യക്തി യെരുശലേമിൽ എത്തിച്ചേരുന്നതോടെ വിഭ്രാന്തിയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയെന്നതാണ്. തീക്ഷ്ണമായ മതാത്മകതയോടെ പ്രത്യക്ഷപ്പെടുന്ന ഈ വിഭ്രാന്തി, ഏതാനും ആഴ്ചകൾക്കു ശേഷമോ, യെരുശലേമിൽ നിന്ന് മടങ്ങുന്നതോടെയോ പരിഹരിക്കപ്പെടുന്നു. ഏതെങ്കിലും ഒരു മതത്തിലോ മതവിഭാഗത്തിലോ പെട്ടവരെ മാത്രമല്ല ഇതു ബാധിക്കുന്നത്. വ്യത്യസ്ത പശ്ചാത്തലങ്ങളിൽ പെട്ട യഹൂദരും, ക്രിസ്ത്യാനികളും, മുസ്ലിങ്ങളും ഈ മാനസികാവസ്ഥയ്ക്ക് ഇരയായിട്ടുള്ളതായി പറയപ്പെടുന്നു.
ബ്രിട്ടീഷ് മനോവിജ്ഞാനപത്രികയിൽ 2000-ആം ആണ്ടിൽ എഴുതിയ ഒരു ലേഖനത്തിന്റെ കർത്താക്കൾ[1] മുന്നേ മനോവിഭ്രാന്തിയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത ചില വ്യക്തികൾ യെരുശലേമിലെത്തുന്നതോടെ അതിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുവെന്ന് കണ്ടെത്തിയതായി അവകാശപ്പെട്ടു. എന്നാൽ ഈ അവകാശവാദം ചോദ്യം ചെയ്യപ്പെട്ടിട്ടുമുണ്ട്.[2][3]യെരുശലേമിൽ വിഭ്രാന്തിയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന സന്ദർശകർ മിക്കവരും മുന്നേ മനോവിഭ്രാന്തിയുടെ പശ്ചാത്തലമുള്ളവരായിരുന്നെന്ന് ഇതിനെ ചോദ്യം ചെയ്യുന്നവർ വാദിക്കുന്നു.
വിവിധ പ്രദേശങ്ങളുമായി ബന്ധപ്പെട്ട സ്റ്റെന്ധാൾ സിൻഡ്രോം, പാരിസ് സിൻഡ്രോം തുടങ്ങിയ വിഭ്രാന്തികളിൽ നിന്ന് യെരുശലേം സിൻഡ്രോം വ്യത്യസ്തമായിരിക്കുന്നത് അതിന്റെ മതാത്മകതയിലാണ്.
ചരിത്രം
[തിരുത്തുക]യെരുശലേം സിൻഡ്രോം ഒരുതരം ഹിസ്റ്റീരിയ ആയാണ് നേരത്തേ കരുതപ്പെട്ടിരുന്നത്.[4]യെരുശലേമിലെത്തുന്ന ചില സന്ദർശകരുടെ പെരുമാറ്റത്തെ വിവരിക്കാൻ യെരുശലേം സിൻഡ്രോം എന്ന വിശേഷണം ആദ്യം ഉപയോഗിച്ചത് യെരുശലേമിലെ തന്നെ മനോവിജ്ഞാനി ഹീൻസ് ഹെർമാൻ 1930-ൽ ആയിരുന്നു. മെക്കയിലേയും റോമിലേയും സന്ദർശകരിൽ ചിലരും വിഭ്രാമകാവസ്ഥകൾ പ്രകടിപ്പിക്കുന്നതിനാൽ, ഈ വിഭ്രാന്താവസ്ഥയ്ക്ക് യെരുശലേമുമായി പ്രത്യേക ബന്ധമുണ്ടോയെന്ന നിശ്ചയമില്ല. യെരുശലേമിലെ സന്ദർശനവുമായി ബന്ധപ്പെട്ട വിഭ്രാന്തിയെപ്പറ്റി മദ്ധ്യകാല ലേഖകന്മാരായ ഫെലിക്സ് ഫാബ്രി, മാർഗെരി കെമ്പ് തുടങ്ങിയവരും പറയുന്നുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിലെ യെരുശലേം സന്ദർശിച്ചവരുടെ രചനകളിലും ഇതിന്റെ പരാമർശമുണ്ട്.
ഈ വിഭ്രാന്തിയുമായി ബന്ധപ്പെടുത്തി സാധാരണ പരാമർശിക്കപ്പെടാറുള്ള ഒരു സംഭവം, 1969-ൽ യെരുശലേം സന്ദർശിച്ചതിനെ തുടർന്ന്, തനിക്ക് ദൈവികമായ ദൗത്യനിയുക്തി കിട്ടിയെന്നു തോന്നിയ ഓസ്ട്രിയ സ്വദേശി ഡെനിസ് മൈക്കേൽ റോഹാൻ, പവിത്രമായ അൽ അസ്കാ മോസ്കിന് തീവച്ചതാണ്. ഈ സംഭവം നഗരവ്യാപകമായ സഘർഷത്തിനും ലഹളയ്ക്കും കാരണമായി. ഈ സംഭവമാണ് യെരുശലേം സിൻഡ്രോം എന്ന ചലച്ചിത്രത്തിന്റെ ആശയബീജമായിത്തീർന്നത്.[5]
അവലംബം
[തിരുത്തുക]- ↑ Bar-el Y, Durst R, Katz G, Zislin J, Strauss Z, Knobler HY. (2000) Jerusalem syndrome. British Journal of Psychiatry, 176, 86-90. Full text
- ↑ Kalian M, Witztum E. (2000) Comments on Jerusalem syndrome. British Journal of Psychiatry, 176, 492. Full text
- ↑ Kalian M, Witztum E. (1999) The Jerusalem syndrome"—fantasy and reality a survey of accounts from the 19th and 20th centuries. Isr. J. Psychiatry Relat Sci., 36(4):260-71. Abstract
- ↑ Elon, Amos.Jerusalem, City of Mirrors. Little, Brown, 1989, p. 147.
- ↑ Traveller interview