Jump to content

ബംഗ്ലാദേശിന്റെ ചരിത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(History of Bangladesh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മുമ്പ് ഈസ്റ്റ് ബംഗാൾ എന്നറിയപ്പെട്ടിരുന്ന ബംഗ്ലാദേശിന്റെ ചരിത്രം നാല് സഹസ്രാബ്ദങ്ങൾ പഴക്കമുള്ളതാണ്. രാജ്യത്തിന്റെ ആദ്യകാല രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിൽ, പ്രാദേശിക ആധിപത്യത്തിനായി മത്സരിച്ചിരുന്ന ഹിന്ദു, ബുദ്ധ രാജ്യങ്ങളുടെ ചരിത്രം ഉൾപ്പെടുന്നു.

എ.ഡി 6-7 നൂറ്റാണ്ടുകളിലാണ് ഇസ്‌ലാം മതം ബംഗ്ലാദേശിൽ പ്രചരിക്കാൻ തുടങ്ങിയത്. 13-ആം നൂറ്റാണ്ടിന്റെ ആരംഭം മുതൽ ഭക്തിയാർ ഖൽജി ഇവിടത്തെ പ്രദേശങ്ങൾ കീഴടക്കി. ഷാ ജലാൽ തുടങ്ങിയ സുന്നി മിഷനറിമാരുടെ പ്രവർത്തനങ്ങളും കൊണ്ട് ക്രമേണ ഇസ്‌ലാം മതം ഇവിടെ ആധിപത്യം സ്ഥാപിച്ചു. പിന്നീട് മുസ്ലീം ഭരണാധികാരികൾ മുസ്ലീം പള്ളികൾ നിർമ്മിച്ച് ഇസ്ലാമിക പ്രബോധനത്തിന് തുടക്കമിട്ടു. 14-ആം നൂറ്റാണ്ട് മുതൽ, ശംസുദ്ദീൻ ഇല്യാസ് ഷാ രാജാവ് സ്ഥാപിച്ച ബംഗാൾ സുൽത്താനേറ്റ് ഈ പ്രദേശം ഭരിക്കാൻ ആരംഭിച്ചു.[1]

പിന്നീട് ഈ പ്രദേശം മുഗൾ ഭരണത്തിൻ കീഴിലായി. മുഗൾ സാമ്രാജ്യത്തിലെ ഏറ്റവും സമ്പന്നമായിരുന്ന പ്രവിശ്യയായിരുന്ന ബംഗാൾ പ്രവിശ്യ സാമ്രാജ്യത്തിലെജി. ഡി. പിയുടെ പകുതിയും അന്ന് ലോക ജി.ഡി.പിയുടെ 12%-വും ബംഗാൾ പ്രവിശ്യയുടെ സംഭാവനയായിരുന്നു[2][3][4] .[5] തലസ്ഥാനമായ ധാക്കയിലെ ജനസംഖ്യ ഒരു ദശലക്ഷത്തിൽ അധികമായിരുന്നു.

1700-കളുടെ തുടക്കത്തിൽ മുഗൾ സാമ്രാജ്യത്തിന്റെ പതനത്തെത്തുടർന്ന്, ബംഗാൾ നവാബുമാരുടെ കീഴിൽ ബംഗാൾ ഒരു അർദ്ധ-സ്വതന്ത്ര സംസ്ഥാനമായി സിറാജ് ഉദ്-ദൗളയുടെ നേതൃത്വകാലം വരെ നിലനിന്നു. പിന്നീട് 1757-ലെ പ്ലാസി യുദ്ധത്തിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ബംഗാളിനെ കീഴടക്കി. ബ്രിട്ടനിലെ വ്യാവസായിക വിപ്ലവത്തിന് ബംഗാൾ നേരിട്ട് സംഭാവന നൽകിയെങ്കിലും ബ്രിട്ടൻ ബംഗാളിലെ വ്യവസായ നശീകരണത്തിലേക്ക് നയിച്ചു.[6][7][8][9] ബംഗാൾ പ്രസിഡൻസി പിന്നീട് സ്ഥാപിക്കപ്പെട്ടു.

1947 ഓഗസ്റ്റിൽ ബംഗാളും ഇന്ത്യയും വേർപെടുത്തിയതോടെയാണ് ആധുനിക ബംഗ്ലാദേശിന്റെ അതിർത്തികൾ സ്ഥാപിതമായത്, ഈ പ്രദേശം ബ്രിട്ടീഷ് ഭരണത്തിന്റെ അവസാനത്തെത്തുടർന്ന് പുതുതായി രൂപീകരിച്ച പാകിസ്ഥാൻ സംസ്ഥാനത്തിന്റെ ഭാഗമായി ഈ പ്രദേശം കിഴക്കൻ പാകിസ്ഥാൻ ആയിത്തീർന്നു.[10] 1971 മാർച്ചിൽ ബംഗ്ലാദേശ് സ്വാതന്ത്ര്യ പ്രഖ്യാപനം ഒമ്പത് മാസം നീണ്ട ബംഗ്ലാദേശ് വിമോചന യുദ്ധത്തിലേക്ക് നയിച്ചു, കിഴക്കൻ പാകിസ്ഥാൻ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ബംഗ്ലാദേശായി സ്വതന്ത്രരാജ്യമായി.സ്വാതന്ത്ര്യാനന്തരം, പുതിയ രാജ്യത്തിന് ക്ഷാമം, പ്രകൃതിദുരന്തങ്ങൾ, വ്യാപകമായ ദാരിദ്ര്യം എന്നിവയും രാഷ്ട്രീയ പ്രക്ഷുബ്ധതയും സൈനിക അട്ടിമറികളും നേരിടേണ്ടി വന്നു.

1905-ലെ ബംഗാൾ വിഭജനം

[തിരുത്തുക]
പ്രധാന ലേഖനം: ബംഗാൾ വിഭജനം (1905)
കിഴക്കൻ ബംഗാൾ, ആസാം പ്രവിശ്യകളുടെ ഭൂപടം

1905 ഒക്ടോബർ 16-നു ആണ് അന്നത്തെ ഇന്ത്യയുടെ വൈസ്രോയി ആയിരുന്ന കഴ്സൺ പ്രഭു ബംഗാൾ വിഭജനം നടപ്പിലാക്കിയത്. വിഭജനം കൊണ്ടുണ്ടായ വൻപിച്ച രാഷ്ട്രീയ പ്രത്യാഘാതങ്ങളെ തുടർന്ന് പശ്ചിമ, പൂർവ്വ ബംഗാളുകൾ 1911-ൽ വീണ്ടും ഒരുമിപ്പിച്ചു.ബംഗാൾ പ്രവിശ്യയ്ക്ക് 189,000 ച.മൈൽ വിസ്തീർണ്ണം ഉണ്ടായിരുന്നു. വിഭജന കാലത്തെ ജനസംഘ്യ 7.85 കോടി ആയിരുന്നു. ഭൂമിശാസ്ത്രപരമായും മോശം വാർത്താവിനിമയ സൌകര്യങ്ങൾ കൊണ്ടും കിഴക്കൻ ബംഗാൾ പശ്ചിമബംഗാളിൽ നിന്നും ഏകദേശം ഒറ്റപ്പെട്ടുകിടന്നു. 1836-ൽ ഉയർന്ന പ്രവിശ്യകൾ ഒരു ല്യൂട്ടനന്റ് ഗവർണറുടെ ഭരണത്തിനു കീഴിൽ ആക്കി. 1854-ൽ ബംഗാളിന്റെ ഭരണത്തിൽ നിന്നും ഗവർണർ-ജനറൽ-ഇൻ-കൌൺസിലിനെ ഒഴിവാക്കി. 1874-ൽ സിൽഹെറ്റ് ഉൾപ്പെടുന്ന ആസ്സാം ബംഗാളിൽ നിന്നും വിഭജിച്ച് ഒരു പ്രത്യേക ചീഫ്-കമ്മീഷണർഷിപ്പ് രൂപവത്കരിച്ചു. ഇതിനോട് ലുഷായ് മലകൾ 1898-ൽ കൂട്ടിച്ചേർത്തു.ബംഗാൾ വിഭജനം എന്ന ആശയം ആദ്യമായി പരിഗണിച്ചത് 1903-ൽ ആയിരുന്നു. ഇതു കൂടാതെ ചിറ്റഗോങ്ങ്, ധാക്ക, മൈമൻസിങ്ങ് എന്നീ ജില്ലകളെ ബംഗാളിൽ നിന്നും അടർത്തി ആസ്സാം പ്രവിശ്യയുടെ ഭാഗമാക്കുന്നതിനുള്ള നിർദ്ദേശങ്ങളും ഛോട്ടാ നാഗ്പൂരിനെ സെണ്ട്രൽ പ്രോവിൻസുമായി കൂട്ടിച്ചേർക്കുന്നതിനുള്ള നിർദ്ദേശങ്ങളും ഉണ്ടായിരുന്നു.

സർക്കാർ ഈ ആശയം 1904 ജനുവരിയിൽ ഔദ്യോഗികമായി വിളംബരം ചെയ്തു. ഫെബ്രുവരിയിൽ കഴ്സൺ പ്രഭു വിഭജനത്തെക്കുറിച്ചുള്ള പൊതുജനാഭിപ്രായം അറിയുന്നതിനായി കിഴക്കൻ ജില്ലകളിൽ ഒരു ഔദ്യോഗിക സന്ദർശനം നടത്തി. പ്രമുഖ വ്യക്തികളുമായി അദ്ദേഹം കൂടിക്കാഴ്ച്ചകൾ നടത്തുകയും ധാക്ക, ചിറ്റഗോങ്ങ്, മൈമൻസിങ്ങ് എന്നിവിടങ്ങളിൽ സർക്കാരിന്റെ വിഭജനത്തിലുള്ള നയം വിശദീകരിച്ചുകൊണ്ട് പ്രസംഗങ്ങൾ നടത്തുകയും ചെയ്തു.

വിഭജന പദ്ധതി അനുസരിച്ച് പുതുതായി രൂപവത്കരിക്കുന്ന പ്രവിശ്യയിൽ ത്രിപുര ഹിൽ സംസ്ഥാനം, ചിറ്റഗോങ്ങ്, ധാക്ക, രാജ്ഷാഹി (ഡാർജീലിങ്ങ് ഒഴിച്ച്) എന്നീ ഡിവിഷനുകൾ, മാൽഡ ജില്ല എന്നിവയും ആസ്സാം പ്രവിശ്യയും ഭാഗമാവും. ബംഗാളിനു ഈ വലിയ കിഴക്കൻ ഭൂഭാഗങ്ങൾ വിട്ടുകൊടുക്കേണ്ടി വരുമെന്നു മാത്രമല്ല, അഞ്ച് ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങൾ സെണ്ട്രൽ പ്രൊവിൻസസിനു വിട്ടുകൊടുക്കേണ്ടിയും വരും. പടിഞ്ഞാറൻ ഭാഗത്ത് സംബല്പൂറും അഞ്ച് ചെറിയ ഒറിയ സംസാരിക്കുന്ന സംസ്ഥാനങ്ങളും ബംഗാളിനോട് കൂട്ടിച്ചേർക്കാം എന്ന് ഈ പദ്ധതി വിഭാവനം ചെയ്തു. ബംഗാളിന്റെ വിസ്തീർണ്ണം 141,580 ച.മൈൽ ആയും ജനസംഘ്യ 5.4 കോടി ആയും കുറയും. അതിൽ 4.2 കോടി ഹിന്ദുക്കളും 90 ലക്ഷം മുസ്ലീങ്ങളും ആയിരുന്നു.

പുതിയ പ്രവിശ്യയ്ക്ക് കിഴക്കൻ ബംഗാളും ആസ്സാമും എന്ന് പേരുകൊടുത്തു. ഈ പ്രവിശ്യയുടെ തലസ്ഥാനം ധാക്കയും ഉപ ആസ്ഥാനം ചിറ്റഗോങ്ങും ആയിരുന്നു. 3.1 കോടി ജനസംഘ്യയുള്ള ഈ പ്രവിശ്യയുടെ വിസ്തീർണ്ണം 106,540 ച.മൈൽ ആയിരുന്നു. ജനസംഘ്യയിൽ 1.8 കോടി മുസ്ലീങ്ങളും 1.2 കോടി ഹിന്ദുക്കളും ആയിരുന്നു. ഭരണകാര്യങ്ങൾക്കായി ഒരു ലെജിസ്ലേറ്റീവ് കൗൺസിലും രണ്ട് അംഗങ്ങളുള്ള ഒരു റെവന്യൂ ബോർഡും രൂപവത്കരിച്ചു. കൽക്കത്ത ഹൈക്കോടതിയുടെ നീതിന്യായ പരിധിയിൽ മാറ്റങ്ങൾ വരുത്തിയില്ല. കിഴക്കൻ ബംഗാളും ആസാമും എന്ന പ്രവിശ്യയ്ക്ക് വ്യക്തമായി രേഖപ്പെടുത്തിയ ഒരു പശ്ചിമ അതിർത്തിയും വ്യത്യസ്തമായ ഭൗമ, വർഗ്ഗീയ, ഭാഷാപരമായ അതിർത്തികളും ഉണ്ടായിരിക്കും എന്ന് സർക്കാർ അഭിപ്രായപ്പെട്ടു. 1905 ജൂലൈ 20-നു ഈ പ്രവിശ്യ നിലവിൽ വരുത്താനുള്ള അന്തിമ തീരുമാനം സർക്കാർ പ്രഖ്യാപിച്ചു. ബംഗാൾ വിഭജനം അതേ വർഷം ഒക്ടോബർ 16-നു നടന്നു.

ഈ തീരുമാനം ഒരു വലിയ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചു. പൂർവ്വ ബംഗാളിലെ മുസ്ലീങ്ങൾക്ക് ഒരു പ്രത്യേക പ്രദേശം തങ്ങൾക്ക് വിദ്യാഭ്യാസം, ജോലി തുടങ്ങിയവയ്ക്ക് കൂടുതൽ അവസരങ്ങൾ നൽകും എന്നു തോന്നലുണ്ടായി. എങ്കിലും പശ്ചിമബംഗാളിലെ ജനങ്ങൾക്ക് ഈ തീരുമാനം ഇഷ്ടപ്പെട്ടില്ല. ഈ കാലയളവിൽ വലിയതോതിൽ ദേശസ്നേഹ സാഹിത്യം രചിക്കപ്പെട്ടു. ആസ്സാമിന്റെ ചീഫ് കമ്മീഷണർ ആയിരുന്ന സർ ഹെന്രി കോട്ടൺ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രതിഷേധത്തെ നയിച്ചു. എങ്കിലും കഴ്സൺ തന്റെ തീരുമാനത്തിൽ നിന്നും പിന്നോട്ടുപോയില്ല. പിന്നീട് നോട്ടിങ്ങാം ഈസ്റ്റ്-ൽ നിന്നും ലിബറൽ നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട കോട്ടൺ പൂർവ്വ ബംഗാളിലെ ആദ്യത്തെ ല്യൂറ്റനന്റ് ഗവർണർ ആയ സർ ബാമ്ഫിൽഡ് ഫുള്ളറെ പുറത്താക്കാനുള്ള ശ്രമങ്ങളെ വിജയകരമായി നയിച്ചു. 1906-ൽ രവീന്ദ്രനാഥ ടാഗോർ വിഭജനം പിൻ‌വലിക്കണം എന്നു ആവശ്യപ്പെട്ടു പ്രക്ഷോഭം നടത്തുന്നവർക്ക് പ്രചോദനമായി പ്രശസ്തമായ അമർ ശോണാ ബംഗ്ലാഎന്ന കാവ്യം രചിച്ചു. ഇത് വർഷങ്ങൾക്കു ശേഷം 1972-ൽ ബംഗ്ലാദേശിന്റെ ദേശീയ ഗീതമായി.

രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ ഫലമായി ബംഗാളിന്റെ രണ്ടുഭാഗങ്ങളും 1911-ൽ വീണ്ടും സംയോജിപ്പിച്ചു. മതപരമായ അടിസ്ഥാനം ഉപേക്ഷിച്ച് ഭാഷാടിസ്ഥാനത്തിൽ ഒരു പുതിയ വിഭജനം നിലവിൽ വന്നു. ഹിന്ദി, ഒറിയ, ആസ്സാമീസ് മേഖലകൾ പ്രത്യേക ഭരണപ്രദേശങ്ങളായി. ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കൽക്കട്ടയിൽ നിന്നും ന്യൂ ഡെൽഹിയിലേയ്ക്കു മാറ്റി.

കിഴക്കൻ പാകിസ്താൻ

[തിരുത്തുക]

1947-ൽ ഇന്ത്യ മൂന്നായി വിഭജിക്കപ്പെട്ടു. ഇന്ത്യയുടെ കിഴക്കും പടിഞ്ഞാറുമായി 1600 കിലോമീറ്റർ അകലത്തിൽ പാകിസ്താൻ രണ്ട് ഭൂപ്രദേശങ്ങളിലായി കിടന്നു. തുടക്കത്തിൽത്തന്നെ ഇരുപ്രദേശങ്ങളും തമ്മിൽ കല്ലുകടിയായിരുന്നു. ഭാഷ, സംസ്കാരം, വംശീയത എന്നിങ്ങനെയെല്ലാക്കാര്യത്തിലും രണ്ട് പ്രദേശങ്ങളും ഭിന്നിച്ചുനിന്നു. ഇരുദേശങ്ങൾക്കിടയിലും കൂടി പൊതുവായ കാര്യം ഒന്നേയുണ്ടായിരുന്നുള്ളു-മതം. പാകിസ്താന്റെ സ്ഥാപകനായ മുഹമ്മദ് അലി ജിന്ന 1948-ൽ അന്തരിച്ചതിനുശേഷം ഖ്വാജാ നാസിമുദ്ദീൻ പാകിസ്താൻ ഗവർണർ ജനറലും നൂറുൽ അമീൻ കിഴക്കൻ പാകിസ്താന്റെ മുഖ്യമന്ത്രിയുമായി. 1954 ഏപ്രിൽ രണ്ട് വരെ അമീൻ അധികാരത്തിലിരുന്നു. ഈ കാലയളവിലാണ് കിഴക്കൻ പാകിസ്താനിൽ ദേശീയഭാഷാപ്രസ്ഥാനം ശക്തിപ്രാപിച്ചത്. ഏഴു ശതമാനം ജനങ്ങൾ മാത്രം സംസാരിക്കുന്ന ഉറുദുവിനു പകരം ഭൂരിപക്ഷ ഭാഷയായ ബംഗാളിയെ ഔദ്യോഗികഭാഷയാക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികളും സമരത്തിനിറങ്ങി.[11].

ബംഗാളി ഭാഷാ പ്രസ്ഥാനം

[തിരുത്തുക]

പാകിസ്താന്റെ സ്ഥാപകനായ മുഹമ്മദ് അലി ജിന്ന 1948-ൽ അന്തരിച്ചതിനുശേഷം ഖ്വാജാ നാസിമുദ്ദീൻ പാകിസ്താൻ ഗവർണർ ജനറലും നൂറുൽ അമീൻ കിഴക്കൻ പാകിസ്താന്റെ മുഖ്യമന്ത്രിയുമായി. 1954 ഏപ്രിൽ രണ്ട് വരെ അമീൻ അധികാരത്തിലിരുന്നു. ഈ കാലയളവിലാണ് കിഴക്കൻ പാകിസ്താനിൽ ദേശീയഭാഷാപ്രസ്ഥാനം ശക്തിപ്രാപിച്ചത്. ഏഴു ശതമാനം ജനങ്ങൾ മാത്രം സംസാരിക്കുന്ന ഉറുദുവിനു പകരം ഭൂരിപക്ഷ ഭാഷയായ ബംഗാളിയെ ഔദ്യോഗികഭാഷയാക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികളും സമരത്തിനിറങ്ങി.[11]. 1954 മാർച്ചിൽ നടന്ന കിഴക്കൻ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ അവാമി മുസ്ലീം ലീഗ്, കൃഷക്-ശ്രമിക് പാർട്ടി, നിസാം-ഇ-ഇസ്ലാം എന്നീ കക്ഷികളുടെ മുന്നണിയായ ഐക്യമുന്നണി അധികാരത്തിലേറി. കൃഷക്- ശ്രമിക് പാർട്ടി നേതാവായ ഫ്സലുൾ ഹഖ് മുഖ്യമന്ത്രിയായി. മുസ്ലീം ലീഗ് മന്ത്രിസഭയെ പുറത്താക്കാൻ ശ്രമങ്ങൾ നടത്തിക്കൊണ്ടിരുന്നു. അധികം താമസിയാതെ അവരതിൽ വിജയിക്കുകയും സർക്കാറിനെ പടിഞ്ഞാറൻ പാകിസ്താൻ പിരിച്ചുവിടുകയും ചെയ്തു. ബംഗാളികളും അല്ലാത്തവരും തമ്മിൽ മില്ലുകളിലും ഫാക്ടറികളിലും വച്ചുണ്ടായ കലാപമായിരുന്നു കാരണം. ഫസലുൾ ഹഖിനെ കേന്ദ്ര അഭ്യന്തരമന്ത്രിയാക്കുകയും ചെയ്തു. ഇതോടെ ഐക്യമുന്നണി പിളർന്നു. അവാമി മുസ്ലീം ലീഗ് 'മുസ്ലീം' എന്ന വാക്കുപേക്ഷിച്ച് മതനിരപേക്ഷതയുടെ പാത സ്വീകരിച്ചു. കിഴക്കൻ-പടിഞ്ഞാറൻ പാകിസ്താനുകൾ തമ്മിലുള്ള അകലം കൂടിക്കൂടി വന്നു. വരുമാനത്തിന്റെ ഏറിയ പങ്കും പടിഞ്ഞാറൻ പാകിസ്താൻ കൊണ്ടുപോയി. സർക്കാർതലത്തിലും സിവിൽസർവീസ് തലത്തിലും സൈന്യത്തിലുമൊക്കെ കിഴക്കൻ പാകിസ്താൻകാർക്ക് അവഗണന നേരിടേണ്ടി വന്നു. പാകിസ്താൻ ഉയർത്തിക്കൊണ്ടുവന്ന കാശ്മീർപ്രശ്നത്തിലും കിഴക്കൻ പാകിസ്താന് വലിയ താല്പര്യമില്ലായിരുന്നു.

ബംഗ്ലാദേശ് വിമോചനയുദ്ധം

[തിരുത്തുക]

1970-'71 ലെ പാകിസ്താൻ പാർലമെന്റിലേയ്ക്കുള്ള തെരഞ്ഞെടുപ്പ്ഫലം വന്നപ്പോളാണ് യഥാർത്ഥപ്രശ്നം തല പൊക്കിയത്. കിഴക്കൻ പാകിസ്താനിലെ ഭൂരിപക്ഷം സീറ്റുകളും അവാമി ലീഗ് നേടി.[12] അവാമി ലീഗിന്റെ നേതൃത്വത്തിൽ ഭരണകൂടം രൂപീകരിക്കുന്നതിനുള്ള ചർച്ചകൾ അലസി. പ്രസിഡന്റ് യാഹ്യാ ഖാൻ പാർലമെന്റ് സമ്മേളനം അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചു. ഇതോടെ കിഴക്കൻ പാകിസ്താൻ ഇളകിമറിഞ്ഞു. മാർച്ച്-4 ന് ധാക്കാ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ പുതിയ ബംഗ്ലാപതാകയോടെ പ്രക്ഷോഭമാരംഭിച്ചു.

1970-ൽ കിഴക്കൻ പാകിസ്താനിൽ വീശിയടിച്ച ഒരു ചുഴലിക്കൊടുങ്കാറ്റ് 5,00,000 ഓളം ആളുകളുടെ ജീവന് ഹാനിവരുത്തി.[13] കേന്ദ്ര ഗവണ്മെന്റാകട്ടെ രക്ഷാപ്രവർത്തനങ്ങളിൽ വലിയ താല്പര്യം കാണിച്ചില്ല. ഇത് ജനങ്ങളിൽ കടുത്ത അതൃപ്തി വളർത്തി. പാർലമെന്റ് തിരഞ്ഞെടുപ്പിനു ശേഷം ഷേയ്ഖ് മുജീബ് ഉർ റഹ്മാനെ പ്രധാനമന്ത്രിപഥത്തിൽ നിന്നും തഴഞ്ഞതോടെ രോഷം അണപൊട്ടിയൊഴുകി [14]

പടിഞ്ഞാറാകട്ടെ, ഈ സമയം പ്രസിഡന്റ് യാഹ്യാ ഖാൻ കിഴക്കൻ പാകിസ്താനിൽ ഓപ്പറേഷൻ സെർച്ച്‌ലൈറ്റ് നടത്താൻ പദ്ധതിയിടുകയായിരുന്നു.[15] സായുധധാരികളായ പട്ടാളക്കാർ 1971 മാർച്ച് 26-ന് റഹ്മാനെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. പട്ടാളക്കാരുടെ അഴിഞ്ഞാടലിൽ പല ബംഗാളികൾക്കും ജീവനും സ്വത്തും നഷ്ടമായി.[16] മിക്കവാറും ബുദ്ധിജീവികളും വിദ്യാർത്ഥികളും ഹിന്ദുക്കളുമായിരുന്നു പട്ടാളക്കാരുടെ ഇര. പത്ത് ലക്ഷത്തോളം ഭയാർത്ഥികൾ ഇന്ത്യയിലേക്കു പലായനം ചെയ്തു.[17] പട്ടാളനടപടിയിൽ കൊലചെയ്യപ്പെട്ടവരുടെ എണ്ണം 30,000 മുതൽ 3 ലക്ഷം വരെയാണ്.[18]

1971 മാർച്ച് 27-ന് പാകിസ്താനി സേനയിൽ മേജറായിരുന്ന സിയാവുർ റഹ്മാൻ, മുജീബുർ റഹ്മാന്റെ പേരിൽ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. 1971 ഏപ്രിലിൽ അവാമി ലീഗ് നേതാക്കൾ പ്രവാസി സർക്കാരിനു രൂപം കൊടുത്തു. 1971 ഏപ്രിലോടെ പശ്ചിമബംഗാൾ, ബീഹാർ, ആസ്സാം, മേഘാലയ, ത്രിപുര സംസ്ഥാനങ്ങൾ ബംഗ്ലാദേശ് അഭയാർത്ഥികളെക്കൊണ്ട് നിറഞ്ഞു. മുക്തിബാഹിനി ഗറില്ലകൾക്ക് ഇന്ത്യൻ സേന പരിശീലനം നൽകി.

1971 ഡിസംബർ 3-ന് പാകിസ്താൻ ഇന്ത്യയ്ക്കുനേരേ വ്യോമാക്രമണം ആരംഭിച്ചു. ഇന്ത്യയും തിരിച്ചടിച്ചുതുടങ്ങി. ഇന്ത്യൻസേനയും മുക്തിബാഹിനിയും ചേർന്ന് മിത്രബാഹിനിയാണ് കിഴക്കൻ ബംഗാളിൽ പാകിസ്താനെതിരായി രംഗത്തിറങ്ങിയത്. കര-നാവിക-വ്യോമ രംഗങ്ങളിലെല്ലാം ഇന്ത്യ പാകിസ്താനെ കീഴ്പ്പെടുത്തി. 1971 ഡിസംബർ 16-ന് പാകിസ്താൻ സേന കീഴടങ്ങി. അങ്ങനെ കിഴക്കൻ പാകിസ്താൻ ബംഗ്ലാദേശായി.

അവലംബം

[തിരുത്തുക]
  1. Nanda, J. N (2005). Bengal: the unique state. Concept Publishing Company. p. 10. 2005. ISBN 978-81-8069-149-2. Bengal [...] was rich in the production and export of grain, salt, fruit, liquors and wines, precious metals and ornaments besides the output of its hand looms in silk and cotton. Europe referred to Bengal as the richest country to trade with.
  2. M. Shahid Alam (2016). Poverty From The Wealth of Nations: Integration and Polarization in the Global Economy since 1760. Springer Science+Business Media. p. 32. ISBN 978-0-333-98564-9.
  3. Maddison, Angus (2003): Development Centre Studies The World Economy Historical Statistics: Historical Statistics, OECD Publishing, ISBN 9264104143, pages 259–261
  4. Lawrence E. Harrison, Peter L. Berger (2006). Developing cultures: case studies. Routledge. p. 158. ISBN 9780415952798.
  5. Lex Heerma van Voss; Els Hiemstra-Kuperus; Elise van Nederveen Meerkerk (2010). "The Long Globalization and Textile Producers in India". The Ashgate Companion to the History of Textile Workers, 1650–2000. Ashgate Publishing. p. 255. ISBN 9780754664284.
  6. Tong, Junie T. (2016). Finance and Society in 21st Century China: Chinese Culture Versus Western Markets. CRC Press. p. 151. ISBN 978-1-317-13522-7.
  7. Esposito, John L., ed. (2004). The Islamic World: Past and Present. Vol. Volume 1: Abba - Hist. Oxford University Press. p. 174. ISBN 978-0-19-516520-3. Archived from the original on 20 December 2017. {{cite book}}: |volume= has extra text (help)
  8. Ray, Indrajit (2011). Bengal Industries and the British Industrial Revolution (1757-1857). Routledge. pp. 7–10. ISBN 978-1-136-82552-1.
  9. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; sengupta എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  10. Jacobs, Frank (6 January 2013). "Peacocks at Sunset". The New York Times. Archived from the original on 14 July 2012. Retrieved 15 July 2012.
  11. 11.0 11.1 ലോകരാഷ്ട്രങ്ങൾ. ഡി.സി. ബുക്സ്. 2007. ISBN 81-264-1465-0. {{cite book}}: Unknown parameter |month= ignored (help)
  12. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; test1 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  13. Bangladesh cyclone of 1991. Britannica Online Encyclopedia.
  14. Baxter, pp. 78–79
  15. Salik, Siddiq (1978). വിറ്റ്നെസ്സ് ടൊ സറണ്ടർ. ഓക്സ്ഫോഡ് യൂണിവേഴ്സിറ്റി പ്രസ്സ്. ISBN 0-19-577264-4.
  16. Rummel, Rudolph J., "Statistics of Democide: Genocide and Mass Murder Since 1900", ISBN 3-8258-4010-7, Chapter 8, table 8.1. Rummel comments that, In East Pakistan (now Bangladesh) [General Agha Mohammed Yahya Khan and his top generals] planned to indiscriminately murder hundreds of thousands of its Hindus and drive the rest into India. And they planned to destroy its economic base to ensure that it would be subordinate to West Pakistan for at least a generation to come. This despicable and cutthroat plan was outright genocide.
  17. LaPorte, R (1972). "1971 ലെ പാകിസ്താൻ: ഒരു ദേശത്തിന്റെ വിഭജനം". Asian Survey. 12 (2): 97–108. doi:10.1525/as.1972.12.2.01p0190a.
  18. Rummel, Rudolph J., "Statistics of Democide: Genocide and Mass Murder Since 1900", ISBN 3-8258-4010-7, Chapter 8, Table 8.2 Pakistan Genocide in Bangladesh Estimates, Sources, and Calcualtions.